Kerala
കാസര്ഗോഡ്: കേരള സ്റ്റാര്ട്ടപ്പ് മിഷന് (കെഎസ്യുഎം) കാസര്ഗോഡ് എല്ബിഎസ് എന്ജിനിയറിംഗ് കോളജിലും സെന്ട്രല് യൂണിവേഴ്സിറ്റിയിലുമായി സംഘടിപ്പിച്ച ഐഇഡിസി സമ്മിറ്റ് 2025-ല് നാസ സ്പേസ് ആപ്സ് ചലഞ്ച് വിജയികള്ക്കുള്ള പുരസ്കാരങ്ങള് വിതരണം ചെയ്തു.
ചരിത്രത്തിലാദ്യമായാണ് കേരളത്തില് നിന്നുള്ള രണ്ടു ടീമുകള് ലോകമെമ്പാടുമുള്ള 16,860 ടീമുകളില് നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച 45 ഗ്ലോബല് ഫൈനലിസ്റ്റുകളില് ഇടംനേടി. കൊച്ചി രാജഗിരി സ്കൂള് ഓഫ് എന്ജിനിയറിംഗ് ആന്ഡ് ടെക്നോളജിയിലെ അഞ്ചു രണ്ടാംവര്ഷ കംപ്യൂട്ടര് സയന്സ് വിദ്യാര്ഥികളടങ്ങുന്ന ടീം മെറ്റിയോര് റിസ്ലേഴ്സ്, പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്ജിനിയറിംഗ് ആന്ഡ് ടെക്നോളജിയിലെ ആറു വിദ്യാര്ഥികളടങ്ങുന്ന ടീം സെലസ്റ്റ എന്നിവരാണ് ആഗോള ഫൈനലിസ്റ്റുകളായത്. റിയാന് റാസ്, സാക്കീല് ചുങ്കത്ത്, സഞ്ജയ് വര്ഗീസ്, ശ്വേതിന് നികേഷ് കുമാര്, റോഷിത് റോബര്ട്ട് എന്നിവരടങ്ങുന്നതാണ് ടീം മെറ്റിയോര് റിസ്ലേഴ്സ്. ജനീറ്റ കാര്ഡോസ്, എസ്.ആതിര, അപര്ണ ആന്റണി, മെല്വിന് ജോര്ജ് മാത്യു, അബിഷ മറിയം ബിജു, എം. സുമിത് മുരളീധരന് എന്നിവരാണ് ടീം സെലസ്റ്റയിലെ അംഗങ്ങള്.
ബഹിരാകാശ-ഭൗമശാസ്ത്ര മേഖലയിലെ നൂതനാശയങ്ങള്ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ഹാക്കത്തണായ നാസ സ്പേസ് ആപ്സ് ചലഞ്ച് 2025ന്റെ ആഗോളതലത്തിലെ ഏറ്റവും വലിയ സംഘാടകരായി കേരള സ്റ്റാര്ട്ടപ്പ് മിഷന് കീഴിലുള്ള എഡ്യുക്കേഷന് ടെക്നോളജി സ്റ്റാര്ട്ടപ്പായ യുണീക്ക് വേള്ഡ് റോബോട്ടിക്സ് (യുഡബ്ല്യുആര്) മാറി.
ഇന്ത്യ, യുഎഇ, യൂറോപ്പ് എന്നിവിടങ്ങളിലായി 22 പ്രാദേശിക ഇവന്റുകളാണ് ഈ വര്ഷം യുഡബ്ല്യുആര് സംഘടിപ്പിച്ചത്. ഇതില് ഇന്ത്യയില് നടന്ന 16 ഇവന്റുകളില് എട്ടെണ്ണം കേരളത്തിലായിരുന്നു.യുഡബ്ല്യുആര് സംഘടിപ്പിച്ച കേന്ദ്രങ്ങളില് നിന്നു മാത്രം 15,308 രജിസ്ട്രേഷനുകളും 2,276 ടീമുകളും 1,200-ലധികം പദ്ധതി സമര്പ്പണങ്ങളുമുണ്ടായി.
ആഗോളതലത്തില് ആകെ 1,14,094 രജിസ്ട്രേഷനുകളും 16,860 ടീമുകളും ഉണ്ടായപ്പോള്, അതില് 13.42 ശതമാനം രജിസ്ട്രേഷനുകളും 13.5 ശതമാനം ടീമുകളും യുഡബ്ല്യുആര് വഴിയാണ് പങ്കെടുത്തതെന്ന് സ്ഥാപകന് ബാന്സണ് തോമസ് ജോര്ജ് പറഞ്ഞു.
സ്റ്റോറിടെല്ലിംഗ്, സോഫ്റ്റ്വേര് ഡെവലപ്മെന്റ്, ആസ്ട്രോഫിസിക്സ്, കൃഷി, ബഹിരാകാശ പര്യവേക്ഷണം തുടങ്ങിയ വിവിധ മേഖലകളിലായിരുന്നു മത്സരങ്ങള്.കൗതുകത്തെ അവസരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് യുണീക്ക് വേള്ഡ് റോബോട്ടിക്സ് ആരംഭിച്ചതെന്നും പ്രാദേശിക പ്രതിഭകളെ അന്താരാഷ്ട്ര ബഹിരാകാശ മേഖലയുമായി ബന്ധിപ്പിക്കുന്നതിനാണ് നാസ സ്പേസ് ആപ്സ് ചലഞ്ച് കേരളത്തിലെത്തിച്ചതെന്നും ബാന്സണ് തോമസ് ജോര്ജ് പറഞ്ഞു.
District News
കൊച്ചി: രാജഗിരി കോളജ് ഓഫ് സോഷ്യല് സയന്സും ഗുവാഹത്തി ഐഐടിയും സിഎസ്ഐആര് - നീരി നാഗ്പൂരും സംയുക്തമായി കാക്കനാട് രാജഗിരി വാലി കാമ്പസില് മൂന്നാമത് അന്താരാഷ്ട്ര ആല്ഗല് റിസര്ച്ച് കോണ്ഫറന്സ് 2025 സംഘടിപ്പിച്ചു.
വിവിധ രാജ്യങ്ങളില് നിന്നുള്ള ഗവേഷകരും ശാസ്ത്രജ്ഞരും പങ്കെടുത്ത സമ്മേളനത്തില് ആല്ഗയെ ആസ്പദമാക്കി ബയോടെക്നോളജി, ബയോഎനര്ജി, പരിസ്ഥിതി മാനേജ്മന്റ് തുടങ്ങിയ മേഖലകളില് നൂറിലധികം ഗവേഷണ പ്രബന്ധങ്ങള് അവതരിപ്പിച്ചു. ഡിപ്പാര്ട്ട്മെന്റ് ഓഫ് ബയോടെക്നോളജി (ഡിബിടി), കേരള സ്റ്റേറ്റ് കൗണ്സില് ഫോര് സയന്സ് ടെക്നോളജി ആന്ഡ് എന്വയോണ്മെന്റ് (കെഎസ് സിഎസ്ടിഇ), അനുസന്ധാന് നാഷണല് റിസര്ച്ച് ഫൗണ്ടേഷന് (എഎന്ആര്എഫ്), ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് (ബിപിസിഎല്) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.
കോളജ് അസോ. ഡയറക്ടര് ഡോ. ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ഐഐടി ഗുവാഹത്തിയിലെ പ്രഫ. കെ. മോഹന്തി ഉദ്ഘാടനം ചെയ്തു.
ആല്ഗ ഗവേഷണ രംഗത്ത് മികച്ച സംഭാവനകള് നല്കിയ ശാസ്ത്രജ്ഞരെയും ഗവേഷകരെയും സമ്മേളനത്തില് ആദരിച്ചു. ഡോ. കാഞ്ചന് സാംഭ്വാനിക്ക് (ഐ.സി.ടി, മുംബൈ) എമര്ജിംഗ് കരിയര് അവാര്ഡ്, ഡോ. പൂനം ചൗധരിക്ക് (ഐഐടി റൂർക്കി) എര്ലി കരിയര് അവാര്ഡ്, ഡോ. എസ് ദുര്ഗാദേവി (എന്ഐടി, തിരുച്ചിറപ്പള്ളി), ഡോ. സോണിയ ചൗധരി (ഐഐടി, റൂർക്കി) എന്നിവര്ക്ക് സംയുക്തമായി മികച്ച പിഎച്ച്ഡി തീസിസ് അവാര്ഡ്, കാക്കനാട് രാജഗിരി കോളജ് ഓഫ് സോഷ്യല് സയന്സസിലെ റോബി കെ. മാത്യുവിനു മികച്ച മാസ്റ്റര് തീസിസ് അവാര്ഡ് എന്നിവ ലഭിച്ചു.